
ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. ഇന്നു പുലർച്ചെ നുസൈറാത്ത് അഭയാർഥി ക്യാമ്പിലെ അബു ഒറേബാൻ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. ഇന്നലെ മധ്യഗാസയിലെ സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച ഖാൻ യൂനിസിന് പടിഞ്ഞാറ് അൽ-മവാസി അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ 71 പേരാണ് കൊല്ലപ്പെട്ടത്. 289 പേർക്ക് പരുക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇസ്രയേലിൻ്റെ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിലും വെടിനിർത്തൽ ചർച്ചയിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് ഹമാസിൻ്റെ വക്താവ് ഇസത്ത് അൽ റിഷെഖ് പറഞ്ഞു. അറബ് രാജ്യങ്ങളുടെയും യുഎസിൻ്റെയും മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് തുരങ്കം സൃഷ്ടിക്കാനാണ് തുടർച്ചയായ ആക്രമണങ്ങളിലൂടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യാഹു ശ്രമിക്കുന്നതെന്നും ഹമാസ് വക്താവ് ആരോപിച്ചു. എന്നാൽ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു മുതിർന്ന ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.